ഞങ്ങൾക്കൊരു വിശേഷം പറയാനുണ്ട്!!!പുത്തൻ ജിവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കിട്ട് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ ദമ്പതികളാണ് ടോഷ് ക്രിസ്റ്റിയും നടി ചന്ദ്ര ലക്ഷ്മണും. അഭിനയത്തിനൊപ്പം സോഷ്യൽമീഡിയയിലും സജീവമായ താരദമ്പതികൾ പങ്കുവയ്ക്കുന്ന എല്ലാ വിശേഷങ്ങളും ആരാധകർക്ക് ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.

ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോൾ ഇരുവരും പുതിയ വിശേഷം പങ്കുവെച്ചാണ് ആരാധകർക്ക് മുന്നിലെത്തിയിരിക്കുന്നത്. തങ്ങൾ മാതാപിതാക്കൾ ആകാൻ പോകുന്നു എന്നും ചന്ദ്ര ​ഗർ‌ഭിണിയാണെന്നുമാണ് ടോഷും ചന്ദ്രയും ടോഷിന്റെ യുട്യൂബ് ചാനൽ വഴി ആരാധകരെ അറിയിച്ചത്. ആറു മാസം മുൻപ് ഇരുവരുടെയും വിവാഹം നടന്ന ആതെ റിസോർട്ടിൽ വെച്ചു തന്നെയാണ് ജിവിതത്തിലെ പുതിയ സന്തോഷവാർത്ത ഇരുവരും അറിയിച്ചിട്ടുള്ളത്.

കൊച്ചിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വിവാഹ ദിവസത്തിന്റെ ഓർമകളും, സന്തോഷങ്ങളും ഇരുവരും വീണ്ടും പുതുക്കുന്നുണ്ട് വീഡിയോയിൽ. യഥാർഥ ജീവിതത്തിൽ ​ഗർഭിണിയായപോലെ തന്നെ ഇരുവരും പ്രധാന കഥപാത്രത്തിലെത്തുന്ന സ്വന്തം സുജാതയിലെ ചന്ദ്ര അവതരിപ്പിക്കുന്ന കഥാപാത്രവും ​ഗർഭിണിയാകുന്നതാണ് കഥയുടെ പുതിയ ട്വിസ്റ്റെന്നും ‌ചന്ദ്രയും ടോഷും വെളിപ്പെടുത്തി. യഥാർത്ഥ ജീവിതത്തിലും സീരിയലിലും ഓരേപോലെ സന്ദർഭങ്ങൾ വരുന്നതിൽ സന്തോഷമുണ്ടെന്നും ഇരുവരും പറഞ്ഞു.

നിരവധി താരങ്ങളും ആരാധകരുമാണ് പുതിയ വിശേഷം പങ്കുവെച്ചുള്ള താരദമ്പതികളുടെ വീഡിയോയ്ക്ക് ആശംസകൾ അറിയിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. എല്ലാ കാര്യങ്ങളും തങ്ങളുടെ നന്മ ആ​ഗ്രഹിക്കുന്ന പ്രേക്ഷകരോട് ആദ്യം പറയണമെന്ന് ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഇത്തരമൊരു വീഡിയോ ചെയ്യുന്നതെന്നും ഇരുവരും പറയുന്നുണ്ട്. ഇരുവരുടെയും മാതാപിതാക്കൾ അടുത്തില്ലെന്നും അതുകൊണ്ടാണ് എല്ലാവരെയും കൂട്ടി സന്തോഷം പങ്കിടത്തതെന്നും ടോഷ് പറഞ്ഞു. 2021ൽ മലയാളി പ്രേക്ഷകർ ഏറ്റവും ആഘോഷിച്ച താരവിവാഹങ്ങളിൽ ഒന്നായിരുന്നു ടോഷ് ക്രിസ്റ്റിയുടേയും നടി ചന്ദ്ര ലക്ഷ്മണിന്റേയും. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇരുവരും ചേർന്നാണ്.

Comments are closed.