ഭർത്താവിന്റെ അഭിമുഖങ്ങൾ കാണുമ്പോൾ തനിക്ക് ചിരി നിർത്താനാകാറില്ല എന്ന് ധ്യാൻ ശ്രീനിവാസന്റെ ഭാര്യ അർപ്പിത ; ഭാര്യക്കും മകൾക്കുമൊപ്പം മാധ്യമങ്ങളെ കണ്ട് ധ്യാൻ

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ വളരെ ജനപ്രീതിയുള്ള താരകുടുംബമാണ് നടൻ ശ്രീനിവാസന്റേത്. അച്ഛനെ പോലെ തന്നെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമയിൽ ബഹുമുഖ പ്രതിഭകളാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ വിനീതിന്റെ ഭാര്യ ദിവ്യ നാരായണൻ പിന്നണി ഗായികയായും സിനിമാരംഗത്തേക്ക് എത്തിയിരുന്നു. ഇപ്പോൾ, ധ്യാൻ ശ്രീനിവാസന്റെ ഭാര്യ അർപ്പിത സെബാസ്റ്റ്യൻ ആണ് സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുകയും അഭിനയിക്കുകയും ചെയ്ത ‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളും ധ്യാൻ നൽകിയിരുന്നു. ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങൾക്ക് മുന്നിൽ ധ്യാൻ കുടുംബസമേതം എത്തിയിരിക്കുകയാണ്. ഭാര്യക്കും മകൾക്കുമൊപ്പം ധ്യാൻ പങ്കെടുത്ത അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അഭിമുഖത്തിൽ, ധ്യാൻ അഭിനയിച്ചതിൽ അർപ്പിതയുടെ ഇഷ്ട ചിത്രം ഏതെന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ധ്യാനിന്റെ അരങ്ങേറ്റ ചിത്രമായ ‘തിര’യാണ് തന്റെ ഫേവറേറ്റ് ചിത്രം എന്ന് അർപ്പിത പറഞ്ഞു. ‘തിര’ റിലീസ് ആയിട്ട് 9 വർഷങ്ങൾ പിന്നിട്ടു എന്ന് ധ്യാൻ ഓർമ്മപ്പെടുത്തിയെങ്കിലും, “അതിനെന്താ തനിക്ക് ഇപ്പോഴും ‘തിര’ തന്നെയാണ് ഇഷ്ടം,” എന്ന് അർപ്പിത മറുപടി പറഞ്ഞു.

ധ്യാനിന്റെ അഭിമുഖങ്ങൾ താൻ ധ്യാനുമൊത്ത് തന്നെ ഇരുന്ന് കാണാറുണ്ടെന്നും, അതിൽ ഏറെ ചിരിക്കാൻ ഉണ്ടാകാറുണ്ടെന്നും അർപ്പിത പറഞ്ഞു. തനിക്ക് ധ്യാനിൽ ഏറ്റവും ഇഷ്ടം, ധ്യാനിന്റെ കളങ്കമില്ലാത്ത സ്വഭാവമാണെന്നും ഭാര്യ പറഞ്ഞു. ഇഷ്ടമില്ലാത്തതായി പ്രത്യേകിച്ച് ഒന്നുമില്ല എന്നും അർപ്പിത പറഞ്ഞു. എന്നാൽ, തന്റെ എല്ലാ കാര്യങ്ങളും ഭാര്യക്ക് അറിയാം എന്നും, 14 വർഷത്തെ ബന്ധമാണ് ഞങ്ങൾ തമ്മിൽ ഉള്ളത് എന്നും ധ്യാൻ പറഞ്ഞു.

Comments are closed.