തിയ്യറ്ററുകളിൽ നാളെ ‘വാശി’യേറിയ പോരാട്ടം ; ടോവിനോയോട് മത്സരിക്കാൻ സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും

ജൂൺ മാസത്തിലെ മറ്റൊരു സിനിമ വാരം കൂടി എത്തിയിരിക്കുകയാണ്. വലിയ പ്രതീക്ഷകൾ നൽകുന്ന മൂന്ന് ചിത്രങ്ങളാണ് നാളെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. ടോവിനോ തോമസ് നായകനായിയെത്തിയ ‘ഡിയർ ഫ്രണ്ട്’ കഴിഞ്ഞ വാരമാണ് റിലീസ് ചെയ്തത്. ചിത്രം തീയേറ്ററുകളിൽ പ്രദർശനം  തുടരുന്നതിനിടെ, മറ്റൊരു ടോവിനോ ചിത്രം കൂടി നാളെ ആരാധകരിലേക്ക് എത്തുകയാണ്.

കീർത്തി സുരേഷ്, ടോവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് അഭിനേതാവായ വിഷ്ണു രാഘവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാശി’. ഒരു കോർട്ട്റൂം ഡ്രാമ അവതരിപ്പിക്കുന്ന ചിത്രം നാളെ തിയ്യറ്ററുകളിൽ എത്തും. വിഷ്ണു രാഘവ് തിരക്കഥയും ജാനിസ് ചാക്കോ സൈമൺ കഥയും ഒരുക്കിയ ചിത്രത്തിൽ, റോണി ഡേവിഡ്, ബൈജു, കോട്ടയം രമേശ്‌, മായ വിശ്വനാഥ്, നന്ദു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

മാത്യു തോമസ്, ദിലീഷ് പോത്തൻ, നിഷാ സാരംഗ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പ്രകാശം പരക്കട്ടെ’ എന്ന ചിത്രമാണ് നാളെ റിലീസിനെത്തുന്ന മറ്റൊരു ചിത്രം. ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്. ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, ശ്രീജിത്ത് രവി തുടങ്ങിയവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. 

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്ത ‘ഹെവൻ’ എന്ന ചിത്രവും നാളെ തീയറ്ററുകളിലെത്തും. സുരാജിനൊപ്പം അലൻസിയാർ, സ്മിനു സിജോ, സുദേവ് നായർ, സുധീഷ്, വിനയ പ്രസാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഉണ്ണി ഗോവിന്ദരാജും പിഎസ് സുബ്രഹ്മണ്യനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Comments are closed.