ഇറച്ചി കറിയുടെ അതെ ടെസ്റ്റിൽ സോയ ചങ്ക്‌സ് കറി|Easy Soya Chunk Curry in Kerala Beef Curry Style

സോയചങ്ക്‌സ് വീട്ടിൽ ഇരിപ്പുണ്ടോ?! ഇനി മുതൽ ഇറച്ചി ഇല്ലെങ്കിലും അതേ രുചിയിൽ കറി വെക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ കറി നോൺ വെജുകാർക്കും ഒരുപാട് ഇഷ്ടമാകും എന്നുറപ്പാണ്. ഇനി എങ്ങനെയാണിവ തയ്യാറാക്കുന്നത് നോക്കാം.

  • സോയ ചങ്ക്‌സ് -200gm
  • തക്കാളി -1 (വലുത് )
  • വലിയുള്ളി -1(വലുത് )
  • മുളക് -3 എണ്ണം
  • ഇഞ്ചി -ചെറിയ കഷ്ണം
  • വെളുത്തുള്ളി -10 അല്ലി
  • കറിവേപ്പില
  • മുളക് പൊടി -1 ടേബിൾ സ്പൂണ്
  • മഞ്ഞൾ പൊടി -അര ടീസ്പൂണ്
  • പെരും ജീരകപ്പൊടി -അര ടീസ്പൂണ്
  • മല്ലിപ്പൊടി -ഒന്നര ടേബിൾ സ്പൂൺ
  • ഗരം മസാല -അര ടീസ്പൂണ്
  • വെളിച്ചെണ്ണ -ആവശ്യത്തിന്
  • ഉലുവ ,പെരും ജീരകം-ഒരു നുള്ള്
  • മല്ലിയില
  • കുരുമുളക് പൊടി -അര ടീസ്പൂണ് .
  • വറ്റൽ മുളക് -3
  • വലിയുള്ളി -അര കഷ്ണം
  • ഉപ്പ്

സോയ ചങ്ക്‌സ് നല്ല തിളച്ച വെള്ളം ഒരു കപ്പൊഴിച്ചു കുതിരാൻ വെക്കുക. തക്കാളി, ഉള്ളി മുളക് എന്നിവ ചെറിയ കഷണങ്ങൾ ആക്കി കുക്കറിൽ ഇടുക, അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചതും മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല, ജീരകപ്പൊടി, മല്ലിപൊടി, ഉപ്പ്, കറിവേപ്പില എന്നിവയിട്ട ശേഷം കുതിർന്ന സോയ ചങ്ക്‌സ് അതിലുള്ള വെള്ളത്തോടെ കുക്കറിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. മീഡിയം ഫ്ളെയിമിൽ നാല് വിസിൽ വരുത്തിക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായ ശേഷം അതിലേക്ക് ഒരു നുള്ള് ജീരകവും ഉലുവയും ഇട്ട് വഴറ്റിയ ശേഷം ഒരു പകുതി വലിയുള്ളി അരിഞ്ഞതും മല്ലിയില, കറിവേപ്പില എന്നിവയും ചേർത്തു വഴറ്റിയ ശേഷം കുരുമുളക് പൊടിയും ഒരു നുള്ള് മഞ്ഞൾ പൊടിയും വറ്റൽ മുളകും ചേർത്തു വഴറ്റുക. അതിലേക്ക് ആവിപോയി കഴിഞ്ഞു നന്നായി വെന്ത സോയചങ്ക്‌സ് കറി ഒഴിച്ച് മിക്സ് ചെയ്യാം. ചപ്പാത്തി, ദോശ തുടങ്ങി ഊണിനുമൊപ്പം വരെ കഴിക്കാൻ പറ്റിയ രുചികരമായ ഈ കറിക്ക് ഇറച്ചിക്കറിയുടെ അതേ സ്വാദും ഗന്ധവും ആണ്. അപ്പോൾ തയ്യാറാക്കി നോക്കാൻ മറക്കല്ലേ.