ശർക്കര വരട്ടിയില്ലാതെ എന്ത് ഓണം!!ഓണ സദ്യക്ക്‌ ശർക്കരയുപ്പേരി തയ്യാറാക്കാം

ഒരു കിലോ കായ തൊലി കളഞ്ഞ് കഴുകി തുടച്ചു വെക്കുക. ഇത് നെടുകെ പിളർന്നു ശർക്കര ഉപ്പേരിയുടെ കനത്തിൽ അരിയുക. ഒരു കിലോ വെളിച്ചെണ്ണ നല്ലവണ്ണം ചൂടാക്കുക. ഇതിലേക്ക് നല്ല തീയിൽ കായ്കൾ ചേർക്കുക. ഇളക്കാതെ ഫുൾ ഫ്ലൈമിൽ ഓടം കെട്ടുന്നതു( കായ്കൾ വിട്ടുപോരുന്ന)വരെ വെക്കുക. ഓടം കെട്ടിയാൽ തീ കുറച്ചു ഇളക്കികൊടുക്കാവുന്നതാണ്.

കായകൾ നല്ലവണ്ണം മൂക്കുന്നതുവരെ വറക്കുക. കോരുന്നതിന് അല്പം മുമ്പ് ഹൈ ഫ്‌ളൈമിലേക്ക് മാറ്റണം. ഒരു പാത്രത്തിലേക്ക് ഒരു കോട്ടൺ തുണിയോ തോർത്തോ ടൈഷ്യൂ പേപ്പറോ വിരിച് അതിലേക്ക് വറുത്ത കായ കോരിയിടാം. ശർക്കര ചേർക്കും മുൻപ് കായ ഉള്ളും പുറവും തണുക്കാൻ അനുവദിക്കണം. പിറ്റേന്നു മുതൽ രണ്ടാഴ്ച കഴിഞ്ഞ് വരെ വേണെമെങ്കിൽ ശർക്കരചേർക്കവുന്നതാണ്.

ഒരു കിലോ വറുത്ത കായയിലേക്ക് 750- 800 ഗ്രാം എന്ന അളവിൽ ശർക്കര എടുത്ത് അരക്കിലോ ശർക്കരയിൽ ഒരു കപ്പ് എന്ന കണക്കിൽ വെള്ളം ചേർത്ത് തിളപ്പിക്കുക. അരിച്ചെടുത്ത ശേഷം അടുപ്പിൽ വെച്ച് നൂൽ പരുവം ആകുന്നവരെ വെള്ളം വറ്റിക്കുക. ശ്രദ്ധിച്ചുവേണം ഇത് ചെയ്യാൻ.

അധികം വറ്റാനോ അധികം വെള്ളം ഉണ്ടാവാനോ പാടില്ല. തീ ഓഫ്‌ ചെയ്ത് രണ്ടു മിനിറ്റ് ശർക്കര തണുത്ത ശേഷം ഉടൻ തന്നെ വറുത്ത കായ ചേർക്കുക. ശർക്കര അധികം തണുക്കാതെ നോക്കണം. ഇതിലേക്ക് 25 ഗ്രാം ചുക്കും ഒരു ടേബിൾസ്പൂൺ ജീരകവും പൊടിച്ചതും (രുചിക്കനുസരിച്) ഭംഗിക്കായി അല്പം പഞ്ചസാരയും (ആവശ്യമെങ്കിൽ) ചേർത്ത് നന്നായി യോജിപ്പിക്കുക. ശർക്കര ഉപ്പേരി റെഡി!!!