പായസം കഴിച്ചാലോ!! ക്രീം പോലത്തെ പായസം അരമണിക്കൂറിൽ തയ്യാറാക്കാം

മിൽക്ക്മൈഡും കണ്ടൺസ്ഡ് മിൽക്കും ഇല്ലാതെ സേമിയ പായസം തിക്കും നല്ല ക്രീമിയും ആയിട്ട് ഉണ്ടാക്കാൻ നിങ്ങൾക്ക് അറിയുമോ. ഇല്ലെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. ഒരുപാട് സമയവും ലാഭിക്കാം. അതിനായി പാൻ അടുപ്പത് വച്ച് ചൂടാക്കി അതിലേക്ക് നെയ്യൊഴിച്ചു ചൂടാവുമ്പോൾ അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും റോസ്റ്റ് ചെയ്തു മാറ്റിവെക്കുക.

അതേ നെയ്യിൽ തന്നെ പായസത്തിൽ ചേർക്കേണ്ട സേമിയം വറുത്ത് അതിലേക്ക് അര ലിറ്റർ പാലും അരക്കപ്പ് പഞ്ചസാരയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.പഞ്ചസാര അലിഞ്ഞു വരുമ്പോഴേക്കും അതിലേക്ക് രണ്ട് ഏലക്ക ഇടുക. എന്നിട്ട് നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് 2 ടേബിൾസ്പൂൺ ചൊവ്വരി ഇടുക. ചെറിയ ചൊവ്വരി ആണെങ്കിൽ നേരിട്ട് ചേർക്കാം. വലുതാണെങ്കിൽ കുറച്ചു നേരം വെള്ളത്തിലിട്ടു വെക്കണം. ഇല്ലെങ്കിൽ വെന്തുവരാൻ സമയമെടുക്കും.

സേമിയവും ചൊവ്വരിയും നന്നായി വെന്തുവരുന്നത് വരെ തിളപ്പിച്ചു കൊണ്ടിരിക്കുക. ഇടക്കിടെ ഒന്ന് ഇളക്കി കൊടുക്കാനും മറക്കരുത്. പായസം കുറുകാൻ കണ്ടൻസസ് മിൽക്കിന്റെയും മിൽക്ക് മൈഡിന്റെയും ആവശ്യമില്ല. പകരം ഇങ്ങനെ ചെയ്താൽ മതി. അരക്കപ്പ് പാൽപൊടി എടുത്ത് അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് തിളച്ചു വരുന്ന പായസത്തിലേക്ക് ഒഴിച്ച് കൊടുക്കുക.

പാൽപൊടി കട്ടപ്പിടിച്ചിട്ടുണ്ടെങ്കിൽ അതൊക്കെ ഒരു അരിപ്പ ഉപയോഗിച്ച് പൊടിച്ചെടുക്കണം. വളരെ കുറച്ച് സമയം കൊണ്ട് പായസം കുറുകി വരുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. ഇങ്ങനെ ചെയ്യുന്നത് പായസത്തിന് ടേസ്റ്റും കൂട്ടും. നേരത്തെ വറുത്തുവച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് ഒരു മിനിറ്റ് കഴിഞ്ഞാൽ ഇറക്കി വച്ചോളു. നിങ്ങളുടെ പായസം റെഡി.